Skip to content

പ്രവാസി സേവാ കേന്ദ്ര

കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ ടൌൺ പ്രവാസി ക്ഷേമ സഹകരണത്തിന്റെ കീഴിൽ പ്രവാസികൾക്ക് വേണ്ട സേവനങ്ങൾ നൽകുന്ന പ്രവാസി സേവാകേന്ദ്ര ആരംഭിച്ചു.

അരാകുളം ശിൽപ്പി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന സഹകരണ സംഘം കെട്ടിടത്തിൽ ആരംഭിച്ച സേവാകേന്ദ്രയുടെ ഉത്ഘാടനം കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതനായ സംഘം മുൻ പ്രസിഡന്റ്‌ അഡ്വ അബ്ദുൽഖാദർ കണ്ണേഴത്തിനെ കൊടുങ്ങല്ലൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബും, മുപ്പത് വർഷത്തിലധികം കാലം പ്രവാസ ജീവിതം നയിച്ച സംഘം അംഗങ്ങളെ മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ സി പി രമേശനും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ നഗരസഭ ചെയർപേഴ്സൺ മൊമെന്റോ നൽകി അഭിനന്ദിച്ചു. സംഘം പ്രമോട്ടിങ്ങ് കമ്മിറ്റി അംഗങ്ങളായിരുന്നവരെയും പരിപാടിയിൽ വെച്ച് ആദരിക്കുകയുണ്ടായി. സംഘം പ്രസിഡന്റ്‌ പി എൻ വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ കെ എക്സ് ലൂയിസ് സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം അഷ്‌റഫ്‌ പൂവ്വത്തിങ്കൽ നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റ്‌ കെ എം പ്രകാശൻ, മതിലകം ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്‌ കെ സി ഗിരീഷ്, അഡ്വ അബ്ദുൽഖാദർ കണ്ണേഴത്ത് എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി കെ അബ്ദുൽജമാൽ, സി എസ് റസാഖ്, ജി ആർ വേണുഗോപാലൻ, സ്മിത അനിൽകുമാർ, അബ്ദുൽ അമീർ സി എ , സെക്രട്ടറി പ്രജിത വി പി, പ്രജിത സുനിൽ, സ്വാതി എം എസ് എന്നിവർ നേതൃത്വം നൽകി. പാസ്പോർട്ട് സർവീസ്, പ്രവാസി ക്ഷേമനിധി, നോർക്ക ഐ ഡി കാർഡ് , സ്വാന്തനം ചികിത്സ പദ്ധതി , പ്രവാസി പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളെ സംബന്ധിക്കുന്ന എല്ലാ സേവനങ്ങളും മറ്റു സർക്കാർ സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കും.

Spread the News