Skip to content

അമ്യത് മിത്ര പദ്ധതി

* കൊടുങ്ങല്ലൂർ നഗരസഭയിൽ അമൃത് മിത്ര പദ്ധതിക്ക് തുടക്കമായി

കുടുംബശ്രീ, അമൃത് മിഷൻ എന്നിവരുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്യത് പദ്ധതി. അമൃത് മിഷന്റെ മൂന്നാമത്തെ ഫെയ്സിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ള വി കെ രാജൻ മുനിസിപ്പൽ പാർക്ക്& അരാകുളം പരിപാലനം, വീടുകളിൽ വാട്ടർ മീറ്റർ റീഡിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓരോ പദ്ധതിക്കും 10 ലക്ഷം രൂപ വീതം ആകെ 20 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതി ഗുണഭോക്താക്കളെ ഒരു വർഷത്തെ കരാറിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. പാർക്ക്& അരാകുളം പരിപാലനത്തിന് മൂന്ന് ഗുണഭോക്താക്കളെയും വാട്ടർ മീറ്റർ റീഡിങ്ങിന് അഞ്ച് ഗുണഭോക്താക്കളെയും വീതം ആകെ 8 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവർ മുഖേന മുനിസിപ്പൽ പാർക്ക്, അരാകുളം എന്നിവയുടെ ദൈനംദിന പരിപാലനം, സൗന്ദര്യവൽക്കരണം, വാട്ടർ കണക്ഷനുകളുടെ മീറ്റർ റീഡിങ് എന്നിവ സാധ്യമാക്കും. പാർക്ക്, അരാകുളം പരിപാലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നവർക്ക് പ്രതിദിനം 675 രൂപ വീതം 330 തൊഴിൽ ദിനങ്ങളാണ് നൽകുക. വാട്ടർ മീറ്റർ റീഡിങ്ങിന് തിരഞ്ഞെടുത്തിരിക്കുന്നവർക്ക് ഒരു വീടിന് 13.50 രൂപ വീതം പ്രതിദിനം 675 രൂപയിൽ അധികരിക്കാത്ത വിധം വേതനം നൽകും. പദ്ധതി പ്രവർത്തനങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിന് നഗരസഭാ സെക്രട്ടറി ചെയർപേഴ്സൺ ആയ നഗരസഭ തല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അമൃത് മിത്ര പദ്ധതിയുടെ ഉദ്ഘാടനം വി കെ രാജൻ പാർക്കിൽ നഗരസഭാ ചെയർപേഴ്സൺ ഗീത ടി കെ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ് സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ വിഎസ് ദിനൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, പ്രതിപക്ഷ കൗൺസിലർ ടി എസ് സജീവൻ, വാർഡ് കൗൺസിലർ രേഖാ സൽപ്രകാശ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡ് കൗൺസിലർമാർ, സിഡിഎസ് ചെയർപേഴ്സൻമാർ, സിഡിഎസ് ഭാരവാഹികൾ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ മുതലായവർ പങ്കെടുത്തു. പദ്ധതി ഗുണഭോക്താക്കൾക്കുള്ള തിരിച്ചറിയൽ കാർഡ്,യൂണിഫോം എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.

Spread the News