*അഴിക്കോട് ബോട്ട് സർവീസ് നിലച്ചിട്ട് 45 ദിവസം :*
*പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*
തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന,ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന അഴിക്കോട് – മുനമ്പം ഫെറി സർവ്വീസ് നിലച്ച് 45 ദിവസം പിന്നിട്ടിട്ടും ബോട്ട് സർവ്വീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാത്ത ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ അഴിക്കോട് – മുനമ്പം പാലം സമര സമിതി പ്രതിഷേധ കൂട്ടായ്മയും നിൽപ്പ് സമരവും നടത്തി.
മുനമ്പത്ത് പാലത്തിൻ്റെ പൈലിംഗ് ജോലികൾ തുടങ്ങും മുമ്പേ ഫിറ്റ്നസ് ഇല്ലെന്ന കാരണത്തിലാണ് ഫെറി സർവീസ് നിറുത്തി വെച്ചത്. പാലത്തിൻ്റെ തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മുനമ്പത്ത് നിർദ്ദിഷ്ട ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. എന്നാൽ തൊട്ടപ്പുറത്ത് കിഴക്ക് ഭാഗത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക ജെട്ടി ഒരുക്കുന്നതിന് സ്ഥലം ഉടമ അനുവാദം നൽകിയിട്ടും ഫെറി സർവ്വീസ് പുനരാരംഭിക്കാനുള്ള ഒരു നീക്കവും ജില്ലാ പഞ്ചായത്ത് അധികൃതർ നടത്തുന്നില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രക്കാർ ഉൾപ്പെടെ മത്സ്യതൊഴിലാളികൾ വിദ്യാർത്ഥികൾ, കച്ചവടക്കാർ തുടങ്ങി നൂറ് കണക്കിന് ആളുകൾ ഇത് മൂലം കൊടുങ്ങല്ലൂർ വഴി 15 കിലോമീറ്ററോളം ചുറ്റി വളഞ്ഞാണ് അക്കരെയെത്തുന്നത്. മാല്യങ്കര വഴി റഗുലർ ബസ് സർവ്വീസ് നേരിട്ട് കിട്ടാനും പ്രയാസമാണ്. ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ അത് വഴിയുള്ള യാത്ര കൂടുതൽ ദുരിത പൂർണ്ണമാണ്. ഇത് മൂലം മരണം, വിവാഹം തുടങ്ങിയ പല ആവശ്യങ്ങൾക്കും തീരദേശ നിവാസികൾക്ക് അക്കരെയത്തൊൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
ഓണത്തിന് മുമ്പെങ്കിലും ഫെറി സർവ്വീസ് പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ കൂടുതൽ വലയും.
അടിയന്തിരമായി മുനമ്പത്ത് യാത്രാ ബോട്ട് അടുപ്പിക്കുന്നതിനുള്ള താൽക്കാലിക സംവിധാനം ഒരുക്കി ഫെറി സർവ്വീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് അഴിക്കോട് – മുനമ്പം പാലം സമര സമിതി അഴിക്കോട് ജെട്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
പ്ലാച്ചിമട സമരസമിതി കൺവീനറും ഗാന്ധിയൻ കളക്ടീവ് സംസ്ഥാന വൈസ് പ്രസിഡൻ്റ്മായ ഇസാബിൻ അബ്ദുൾ കരിം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പാലം സമര സമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു.
സമരസമിതി കോഡിനേറ്റർമാരായ പി.എ. സീതി മാസ്റ്റർ, ഇ.കെ. സോമൻ മാസ്റ്റർ, ജനറൽ കൺവീനർ കെ.എം മുഹമ്മദുണ്ണി , സി.എ, റഷീദ്, എൻ. എസ് ഷഹാബ്, ടി.എസ് രാജേന്ദ്രൻ മാസ്റ്റർ, പി.കെ.എം അഷറഫ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളം ,മൊയ്തീൻ എടച്ചാലിൽ, ഡോ.കെ.കെ നസീർ , എ. ബി. മൊയ്തീൻ,പി.എം ലിയാക്കത്ത്, അമീർ പതപ്പുള്ളി, ആർ.കെ. ഫൈസൽ, എ.ഐ.ഷുക്കൂർ, പി.എ മുഹമ്മദ്, കെ.എം സിദ്ദീഖ് , എവിൻ സിൻ്റോ, ബഷീർ കൊല്ലത്ത് വീട്ടിൽ,ടി.കെ ഇബ്രാഹിം, ലൈബ്രേറിയൻ അബൂബക്കർ , നാസർ എ.എം
തുടങ്ങിയവർ പ്രസംഗിച്ചു.