കുടിവെള്ള പദ്ധതിക്ക് ഊന്നൽ നൽകി ശ്രീനാരയണപുരത്ത് ബജറ്റ് അവതരിപ്പിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ 47,78,73,403 രൂപ വരവും 45,77,26,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് അവതരിപ്പിച്ചു. പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. പ്രാദേശിക കുടിവെള്ള പദ്ധതിക്ക് ഊന്നൽ നൽകുന്നതിന് സംസ്ഥാന സർക്കാർ വിഹിതം ഉൾപ്പെടെ 3 കോടി രൂപയും,ലൈഫ് ഭവന പദ്ധതിക്ക് മൂന്നര കോടി രൂപയും, ഉൽപാദന മേഖലയ്ക്ക് 2,30,00,000 രൂപയും, ആരോഗ്യ മേഖലയ്ക്ക് ഒരുകോടി 26 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 63 ലക്ഷം രൂപയും, ദാരിദ്ര്യ ലഘൂകരണത്തിന് ആറു കോടി രൂപയും വിവിധ ക്ഷേമ പെൻഷന് 11 കോടി രൂപയും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. പുതിയ സാമ്പത്തിക വർഷത്തിൽ സ്മാർട്ട് ഈസി കിച്ചൻ, പഞ്ചായത്ത് കെട്ടിടം,സബ് സെൻറർ, അംങ്കണവാടി കെട്ടിടങ്ങൾ റഫറൻസ് ലൈബ്രറി,ഹാപ്പിനസ് പാർക്കുകളുടെ വിപുലീകരണം, പോഴങ്കാവ് കുളത്തിന്റെ വിപുലീകരണത്തിനുള്ള സ്ഥലമെടുപ്പ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ അയ്യൂബ്, സി സി ജയ, പി എ നൗഷാദ് ,സുബീഷ് ചെത്തിപ്പാടത്ത്,സൗദ നാസർ, ഇബ്രാഹിംകുട്ടി ,രമ്യ പ്രദീപ് തുടങ്ങിയ ജനപ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.സെക്രട്ടറി രഹന പി ആനന്ദ് ,അസിസ്റ്റൻറ് സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയർ സൂപ്രണ്ട് രതീഷ് ,ഹെഡ് ക്ലർക്ക് റജീന, അക്കൗണ്ടൻ്റ് വനജ തുടങ്ങിയവർ ബജറ്റ് അവതരണത്തിൽ സന്നിഹിതരായി.