പദ്ധതിവിഹിതം നഷ്ടപ്പെട്ടതിലും കുടിവെള്ളക്ഷാമത്തിലും പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ കൗൺസിലില്‍ നിന്ന് ഇറങ്ങിപ്പോയി.
2024 – 25 സാമ്പത്തിക വർഷത്തിൽ കൊടുങ്ങല്ലൂർ നഗരസഭ പദ്ധതിവിഹിതത്തിന്റെ 77 ശതമാനം മാത്രം വിനിയോഗിച്ച് സംസ്ഥാനത്തെ നഗരസഭകളിൽ 77 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലും, നഗരസഭയിലെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി.അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ഫണ്ട്, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പോത്തുകുട്ടി ആട് കാലിത്തീറ്റ വിതരണം കൂടാതെ വയോജനങ്ങൾക്ക് കട്ടിൽ, വിദ്യാഭ്യാസ സഹായങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള ശ്രവണ സഹായികൾ, തെരുവ് വിളക്കുകൾ, വനിതാ പദ്ധതികൾ, ചെറുകിട വ്യവസായ പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാകാതെ പോയതെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. മുൻവർഷത്തെ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി തൻവർഷത്തെ പദ്ധതികൾ പലതും ഒഴിവാക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. കൂടാതെചെയ്ത ജോലികൾക്ക് സമയബന്ധിതമായി പോയ വർഷത്തിൽ ഫണ്ട് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ കരാറുകാർ നടപ്പു വർഷത്തെ കാന നിർമ്മാണം റോഡ് നിർമ്മാണം തുടങ്ങിയ ജോലികൾ ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതായും നഗരസഭാ പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ പറഞ്ഞു. പ്രതിഷേധ പരിപാടികൾക്ക് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓ എൻ ജയദേവൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിനീതടിങ്കു, മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ രശ്മി ബാബു, കെഎ സുനിൽകുമാർ, കെ എസ് ശിവറാം, ശാലിനി വെങ്കിടേഷ് എന്നിവർ നേതൃത്വം നൽകി.