പാമ്പിനെ പേടിച്ച് പൊളിഞ്ഞു വീഴാറായ ഷെഡ്‌ഡിൽ താമസിച്ചിരുന്ന അമ്മ ഇനി സ്നേഹവീടിന്റെ തണലിലേക്ക്.സാമൂഹ്യ പ്രവർത്തകൻ ഷഹീൻ കെ മൊയ്‌തീന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിതത്തോടെ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ചലച്ചിത്ര, സീരിയൽ താരം സീമ ജി നായർ നിർവ്വഹിച്ചു.
പുല്ലൂറ്റ് വി. ടി നന്ദകുമാർ റോഡിൽ തനിച്ചു താമസിച്ചിരുന്ന പഴംപള്ളത്ത് വിമല ഇഴജന്തുക്കളെ ഭയന്നാണ് കഴിഞ്ഞിരുന്നത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ സഹോദരൻ മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഇവിടെ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. സാമൂഹ്യ പ്രവർത്തകൻ ഷഹീൻ കെ മൊയ്‌തീനാണ് ഇവരുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. വാർഡ് കൗൺസിലർ പി. എൻ വിനയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പൂർത്തീകരിച്ചു. താക്കോൽ ദാന ചടങ്ങിന് കൗൺസിലർ പി. എൻ വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷഹീൻ കെ മൊയ്‌തീൻ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ നന്ദൻ ,ആൽഫ പാലിയേറ്റീവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ പ്രസിഡന്റ് എ. ബി സക്കീർ ഹുസൈൻ, ആക്ടിങ് പ്രസിഡന്റ് ഷഫീർ കരുമാത്ര,മുൻ കൗൺസിലർ എം. കെ സഗീർ, വി. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്ത വി. കരുണാകരൻ, നിസാർ മാലിക്, ശിവദാസൻ, ഷിജു കെ. വി എന്നിവരെ ആദരിച്ചു..