Skip to content

വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച്

അംബേദ്കറെ അപമാനിച്ച അമിത് ഷാ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധ്വംസനം – പ്രേമ. ജി. പിഷാരടി

ഇന്ത്യയിലെ പിന്നാക്ക ജനതയുടെ അഭിമാനത്തിന് വഴിതെളിച്ച ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറെ പാർലമെൻ്റിൽ അവഹേളിച്ച അമിത് ഷാ ആഭ്യന്തര മന്ത്രിയായി തുടരുന്നത് മതനിരപേക്ഷ ഇന്ത്യക്ക് നാണക്കേടാണെന്നും അത് തികഞ്ഞ ജനാധിപത്യ ധ്വംസനമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പറഞ്ഞു. ജാതിയുടെ പേരിൽ മനുഷ്യനെ തട്ടുകളായി തരംതിരിച്ച് പിന്നാക്ക ജാതിക്കാരനെ ചൂഷണം ചെയ്യുന്ന മനുഷ്യവിരുദ്ധമായ ചാതുർവർണ്യ വ്യവസ്ഥയാണ് മനുസ്മൃതി മുന്നോട്ടുവെക്കുന്നത്. മനുസ്മൃതിയെ ഇന്ത്യയുടെ ഭരണഘടനയാക്കാൻ വെമ്പൽ കൊണ്ട ആർഎസ്എസിന്റെ കുത്സിത ശ്രമങ്ങൾക്കുമേൽ പിന്നാക്ക ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയിലെ പിന്നാക്ക ജനതക്ക് അന്തസ്സും ആത്മാഭിമാനവും പകർന്നു നൽകി രൂപീകൃതമായ ഭരണഘടനയുടെ ശില്പി, സംഘി ഭീകരർക്ക് ശത്രുവാകുന്നതിൽ അതിശയമില്ല. അതിനാൽ, അംബേദ്കറിൻ്റെ നാമം കേട്ടാൽ വിറക്കുന്നവർക്ക് മുന്നിൽ ആ നാമം നമ്മൾ ഉരുവിട്ടു കൊണ്ടിരിക്കണം.

സംഘപരിവാറിന്റെ പിന്നാക്ക ജനതയോടുള്ള വിവേചന നയങ്ങളുടെ തുടർച്ചയാണിത്. ഇന്ത്യയിലെ ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ മുസ്ലിം വിദ്വേഷവും വിഭാഗീയതയും കുത്തിവെച്ച് ജാതി ചൂഷണങ്ങൾക്ക് പുകമറ സൃഷ്ടിച്ച് അധികാരത്തിൽ വാഴുന്ന സംഘ് പരിവാറിന്, ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്രവും സമത്വവും ഉൾക്കൊള്ളാൻ സാധിക്കില്ല. അതെഴുതി വെക്കാൻ നേതൃത്വം നൽകിയ ഡോ. ബി.ആർ അംബേദ്ക്കറെയും അവർ അവഹേളിക്കും. ആർ എസ് എസിൻ്റെ ഇത്തരം കാപട്യങ്ങളെ തുറന്നെതിർക്കാൻ ജനാധിപത്യ സമൂഹം തയ്യാറാവണം.

വ്യത്യസ്ത ജാതി-മത വിഭാഗങ്ങൾ നിലകൊള്ളുന്ന ഇന്ത്യയുടെ സാമൂഹിക ക്രമത്തെ വൈവിധ്യങ്ങളാൽ വിഭാവന ചെയ്ത് സാഹോദര്യത്തിന്റെയും സമത്വത്തിൻ്റെയും സംഗമ ഭൂമിയാക്കി മാറ്റാൻ, അത്യുജ്വലമായ ഭരണഘടനക്ക് രൂപം നൽകിയ ഡോ. ബി. ആർ അംബേദ്കറെ അവഹേളിച്ചവർക്ക് ഇന്ത്യൻ ജനത മാപ്പ് തരില്ലെന്നും അവർ പറഞ്ഞു.

ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രാജ്യത്തുടനീളം നടക്കുന്ന സംഘ് പരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കെറ്റ് കെ.എസ്. നിസാർ നയിച്ച ജയ് ഭീം നൈറ്റ് മാർച്ച് കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ കെ.എസ് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ പ്രശാന്ത് ഈഴവൻ, ബി എസ് പി സംസ്ഥാന കോഡിനേറ്റർ സുബ്രഹ്മണ്യൻ പി.കെ, യുവകവിയും എഴുത്തുകാരനുമായ കണ്ണൻ സിദ്ധാർത്ഥ്, എസ്.സി എസ്.ടി. ഫെഡറേഷൻ ജില്ലാ ചെയർമാൻ അഡ്വ. നിഖിൽ ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റിയംഗം മണികണ്ഠൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. ഫായിസ് ഹംസ, പാർട്ടി മുൻ ജില്ലാ പ്രസിഡൻ്റ് എം.കെ അസ്ലം, വൈസ് പ്രസിഡൻ്റ് ഇ.എ. റഷീദ് മാസ്റ്റർ, സെക്രട്ടറി ടി.വി. ശിവശങ്കരൻ, പ്രോഗ്രം കൺവീനർ നവാസ് എടവിലങ്ങ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റക്കീബ് കെ തറയിൽ സ്വാഗതവും കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് സിദ്ദീഖ് പി.യു. നന്ദിയും പറഞ്ഞു.

വടക്കേ നടയിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് നഗരം ചുറ്റി പ്രൈവറ്റ് ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ജില്ലാ നേതാക്കളായ ടി.എം. കുഞ്ഞിപ്പ, സരസ്വതി വലപ്പാട്, സുഹൈബ് അലി, സുലേഖ അസീസ്, കെ.കെ. ഷാജഹാൻ, മണ്ഡലം നേതാക്കളായ റഫീഖ് കാതിക്കോട്, ഫസീല ഹനീഫ്, ഫൈസൽ വലിയാറ, പി.എ. ഷെരീഫ്, സഈദ മുഹമ്മദാലി, അബ്ദുൽകാദാർ മാള, കെ.എ. സെയ്ഫുദ്ദീൻ, വി.എ. ഇസ്ഹാഖ്, സഈദ സുലൈമാൻ, റഷീദ് പൊന്നാത്ത്, ടി.എച്ച് ഹൈദ്രോസ്, ടി.എം. സഈദ് തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News